ഗദ്‌കരിയുടെ ബി ജെ പി
Hameed Chennamangaloor March 12th, 2010
ഇരുപത് വര്‍ഷം മുന്‍പ് 1989 – ലാണ് ഭാരതീയ ജനതാപാര്‍ട്ടി പലംപൂര്‍ പ്രമേയവുമായി രംഗത്ത് വന്നത്. അയോധ്യയില്‍ ബാബറി മസ്‌ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണം എന്നതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. അന്നു ബി ജെ പിയുടെ അധ്യക്ഷന്‍ ലാല്‍ കൃഷ്‌ണ അദ്വാനി. അദ്വാനിക്ക് ശേഷം പാര്‍ട്ടിയുടെ അമരത്തിരുന്നവരും പലംപൂര്‍ പ്രമേയം ശിരസ്സേറ്റി മുന്നോട്ടുപോയി. പക്ഷേ നീതി ന്യായവ്യവസ്ഥ എന്ന കടമ്പ കടക്കാന്‍ പാര്‍ട്ടി പ്രസിഡന്റുമാര്‍ക്കൊന്നും സാധിച്ചില്ല. ജനഹിതമാകട്ടെ ബി ജെ പിയുടെ വര്‍ഗീയ കാര്യപരിപാടികള്‍ക്ക് അത്ര അനുകൂലമായിരുന്നുമില്ല. ക്ഷേത്രവും മസ്‌ജിദും ചര്‍ച്ചുമൊന്നുമല്ല, മാന്യമായി ജീവിക്കാനുള്ള സാഹചര്യങ്ങളാണ് പ്രധാനം എന്നതായിരുന്നു എക്കാലത്തും ജനസാമാന്യത്തിന്റെ നിലപാട്.
കാലത്തോടും സമൂഹത്തോടും മുഖം തിരിച്ചു നില്‍ക്കാന്‍ ഏറെക്കാലം ആര്‍ക്കും കഴിയില്ല. ബി ജെ പിയുടെ പുതിയ മേധാവി നിതിന്‍ ഗദ്‌കരിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന അതാണ്. ഫെബ്രുവരി 18 ന് ഇന്‍ഡോറില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ സമിതിയില്‍ ഗദ്‌കരി ചെയ്‌ത പ്രസംഗം ശ്രദ്ധിച്ചു നോക്കൂ. അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍, എണ്‍പതുകള്‍ തൊട്ട് ബി ജെ പി ഉന്നയിച്ചുപോരുന്ന വൈകാരിക പ്രശ്‌നങ്ങള്‍ മാറ്റിവെച്ചുകൊണ്ടാണ് പുതിയ അമരക്കാരന്‍ സംസാരിച്ചത്.
ഇരുപത്തിനാല് പേജ് വരുന്ന തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഗദ്‌കരി രാമക്ഷേത്ര നിര്‍മാണത്തിലോ ഭരണഘടനയിലെ 370 – ാം വകുപ്പിലോ ഗോവധ നിരോധത്തിലോ ഒന്നുമല്ല ഊന്നിയത്. പാര്‍ട്ടി അണികളുടെ സാമുദായിക വികാരം ആളിക്കത്തിക്കാനുതകുമെന്നു മുന്‍ഗാമികള്‍ ധരിച്ചുപോന്ന ആ വിഷയങ്ങള്‍ മാറ്റിവെച്ച് `അന്ത്യോദയ’ (ദരിദ്രരുടെ ക്ഷേമം) ത്തിലും `സാമാജിക് സംരസ്‌ത’ (സാമൂഹിക സമത്വം) യിലും `വികാസി’ (വികസനം) ലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഹ്വാനമത്രേ മഹാരാഷ്‌ട്രക്കാരനായ നവസാരഥി പുറപ്പെടുവിച്ചത്.
അദ്വാനിതൊട്ട് രാജ്‌നാഥ് സിംഗ് വരെയുള്ളവരുടെ വിചാരരീതികളില്‍ നിന്നു വ്യത്യസ്‌തമായി, തൊഴിലാളികളും കര്‍ഷകരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് കണ്ണുതുറക്കണമെന്ന സന്ദേശം നല്‍കാനും നിതിന്‍ ഗദ്‌കരി മറന്നില്ല. അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കര്‍ഷകരും നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ദൗത്യത്തില്‍നിന്നു മാറിനില്‍ക്കാന്‍ പാര്‍ട്ടിക്കാവില്ല എന്നു പ്രവര്‍ത്തകരെ ഉണര്‍ത്തിയ അധ്യക്ഷന്‍ ദളിതുകള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവരെ ആകര്‍ഷിച്ചുകൊണ്ടു മാത്രമെ ബി ജെ പിക്കു മുന്നോട്ടു പോകാനാവൂ എന്നു വ്യക്തമാക്കുകയും ചെയ്‌തു.
പഴയ ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കു നേരെ വിമര്‍ശനാത്മകമായി പ്രതികരിക്കാനും ഗദ്‌കരി മടിച്ചില്ല. തങ്ങളുടെ കാല്‍തൊട്ട് വന്ദിക്കുന്നതിനു സാധാരണ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയോ ആ സമ്പ്രദായം പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നു അദ്ദേഹം സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേതാക്കളെ കാണാന്‍ കാത്തുകെട്ടിക്കിടക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാവരുതെന്നും പാര്‍ട്ടിയുടെ നവനായകന്‍ ഉണര്‍ത്തുകയുണ്ടായി.
നിതിന്‍ ഗദ്‌കരിയുടെ പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം ‘തര്‍ക്കഭൂമി’യിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ളത് തന്നെയായിരുന്നു. എന്തു വന്നാലും രാമക്ഷേത്രം പണിതേ അടങ്ങൂ എന്ന മുന്‍ അധ്യക്ഷന്മാരുടെ വൈകാരിക നിലപാട് ആവര്‍ത്തിക്കാതിരിക്കാന്‍ ഗദ്‌കരി ശ്രദ്ധിച്ചു. `ഹിന്ദുക്കളുടെ വികാരം കണക്കിലെടുക്കാനും അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള സാഹചര്യമൊരുക്കാനും’ മുസ്‌ലിം സമുദായത്തോട് ആവശ്യപ്പെടുക മാത്രമെ അദ്ദേഹം ചെയ്‌തുള്ളൂ. വര്‍ഗ്ഗീയ സ്‌പര്‍ദ്ധ വളര്‍ത്തുകയും നരനായാട്ട് നടത്തുകയും ചെയ്‌തുകൊണ്ട് ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതിലെ അനഭിലഷണീയത പുതിയ അധ്യക്ഷന്‍ മനസ്സിലാക്കുന്നു എന്നു വേണം വിലയിരുത്താന്‍.
മതപരവും സാമുദായികവുമായ വികാരങ്ങള്‍ക്കു തീകൊളുത്താന്‍ പര്യാപ്‌തമായ വിഷയങ്ങളെ പാര്‍ശ്വങ്ങളിലേക്ക് തള്ളാന്‍ ഗദ്‌കരിയെ നിര്‍ബന്ധിക്കുന്ന സ്ഥിതിവിശേഷം രാജ്യ ത്ത് രൂപപ്പെട്ടുവരുന്നുണ്ടെന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. എണ്‍പതുകളിലെയോ തൊണ്ണൂറുകളിലെയോ അവസ്ഥയല്ല ഇപ്പോഴുള്ളത്. ബി ജെ പിയെ പിന്നണിയില്‍ നിന്നു നിയന്ത്രിക്കുകയും നയിക്കുകയും ചെയ്‌തുപോന്നിട്ടുള്ളരാഷ്ട്രീയ സ്വയം സേവക സംഘം ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേവലമായ `ഹിന്ദുവികാരം’ ഇനിയുള്ള കാലം ചെലവാകില്ലെന്നു ആര്‍ എസ് എസിനും അനുബന്ധ സംഘടനകള്‍ക്കും ബോധ്യപ്പെടുമാറുള്ള ചലനങ്ങള്‍ ഇപ്പോള്‍ പലയിടങ്ങളിലും ദൃശ്യമാണ്.
തെക്കെ ഇന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകത്തിലെ ഉദാഹരണം ശ്രദ്ധിക്കാം. കഴിഞ്ഞ ജനുവരി 26 ന് ആര്‍ എസ് എസ്സിനെ നേരിടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഒരു പുതിയ സേന രംഗപ്രവേശം ചെയ്യുകയുണ്ടായി. ബാംഗ്ലൂരില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട `നീലി സേന’ (ബ്ലൂ ആര്‍മി) ദളിത് സംഘര്‍ഷ സമിതിയുടെ ഉത്‌പന്നമാണ്. ആര്‍ എസ് എസ്സിനെ നേരിടാന്‍ മുസ്‌ലീങ്ങളോ ക്രൈസ്‌തവരോ അല്ല, ഹിന്ദുജനതയുടെ ഭാഗമെന്നു ആര്‍ എസ് എസ്സ് അവകാശപ്പെടുന്ന ദളിതരാണ് നീലി സേനയുണ്ടാക്കിയത്. ദളിത് സംഘര്‍ഷ സമിതിയുടെ കണ്‍വീനര്‍ മോഹന്‍ രാജ് വളച്ചുകെട്ടില്ലാതെ പറഞ്ഞത്, കര്‍ണാടകയില്‍ ആര്‍ എസ് എസ്സിന്റെ അഴിഞ്ഞാട്ടം തടയുക എന്നത് തന്നെയാണ് നീലി സേനയുടെ ലക്ഷ്യം എന്നത്രേ. ബി ജെ പി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് സംഘപരിവാര്‍ തേര്‍വാഴ്‌ച നടത്തുകയാണെന്നും അവര്‍ ദളിതരെയും ന്യൂനപക്ഷ സമുദായക്കാരെയും വേട്ടയാടുകയാണെന്നും അതനുവദിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നുമാണ് ദളിത് സംഘര്‍ഷസമിതിക്കാര്‍ പറയുന്നത്. ആര്‍ എസ് എസ്സുകാര്‍ക്ക് മുളവടിയുമേന്തി തെരുവില്‍ പ്രകടനം നടത്താമെങ്കില്‍ എന്തുകൊണ്ട് നീലിസേനക്കാര്‍ക്ക് അതായിക്കൂടാ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു.
പുറത്തുള്ള ന്യൂനപക്ഷ സമുദായക്കാരില്‍ നിന്ന് സേനകള്‍ ഉണ്ടാകുമ്പോള്‍ (ഉദാഹരണം മഅ്‌ദനിയുടെ ഐ എസ് എസ്) അവയെ തങ്ങളുടെ വളര്‍ച്ചയ്‌ക്കുള്ള വളമായി രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന് ഉപയോഗിക്കാന്‍സാധിക്കും. പക്ഷേ അകത്തുള്ള ദളിതരില്‍ നിന്നു സേനകള്‍ ഉണ്ടാകുമ്പോള്‍ സംഘത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കര്‍ണാടകത്തിലെ നീലിസേന മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി പടര്‍ന്നാല്‍ ക്ഷീണം സംഭവിക്കാന്‍ പോകുന്നത് ആര്‍ എസ് എസ്സിനു മാത്രമല്ല, ബി ജെ പിക്കു കൂടിയാണ്.
- Articles
- Comments(0)